Saturday 5 October 2013

അവള്‍ക്കെന്തറിവൂ...?












പിഴച്ച പെണ്ണവള്‍
കഴുത്തറ്റം മൂടി*
തലയ്ക്കുകല്ലെറി-
ഞ്ഞവളെക്കൊല്ലുക!

വെറും വെറും ചണ്ടി
വെറും ഒരു വോട്ടിന്‍
ബലം മാത്രം പേറും
അളിഞ്ഞ പെണ്ണവള്‍!

അവള്‍ക്കുമേല്‍ ചോദ്യ-
പ്പെരുമഴ തീര്‍ക്ക;
അവള്‍- മിണ്ടാതെന്തേ
കിടന്നു-എന്നാര്‍ക്ക!

പതിനേഴാണ്ടുകള്‍
കഴിഞ്ഞിട്ടോ നീതി,
കഴിഞ്ഞില്ലേയവള്‍ക്കൊ-
ടുക്കത്തെപ്പൂതി!

ചരിത്രംതീര്‍ക്കുന്ന
കൊഴുത്തമാടമ്പിക്കു-
തകുവാനല്ലോ-പെരും
ന്യായാസനം!

കനത്ത രാജ്യത്തെ
നയിക്കും ക്ലേശമീ
നരുന്തുപെണ്ണിനെ-
ന്തറിവുള്ളൂ,കഷ്ടം!
------------
(വേശ്യാവൃത്തിക്ക്‌ മോസസിന്റെ നിയമത്തിലെ ശിക്ഷ)

വരും!

കനിവില്ലാക്കാലം കെടുതിക
ളുടനീളം കാണുമ്പോഴും
വെറുതേ ഞാന്‍ മനസ്സില്‍ കാത്തൂ
ഒരു പൂവിന്‍ ചെറുബാല്യം!

ഇലപോലുമനങ്ങാനേരം
തൊടിയാകെകത്തും ചൂടില്‍
തളരാതെ ചിരിച്ചാനന്ദം
പകരുന്നൊരു കുഞ്ഞിപ്പൂ!

തണലേകിയൊരാല്‍മരമേ
കുളിരേകിയ നീര്‍ച്ചാലേ
സദിര്‍ പാടുമിളംകാറ്റേ
അറിയുന്നോ ഈ ഹൃദയം?

എവിടാണെന്‍ പ്രാണന്‍,അവിടെ
അവിടാണെന്നാനന്ദം!
ഒരുമേഘം വരുമൊരുകാലം
മഴയായ്,ഒരു പൂങ്കനവായ്...!

ഒടുക്കം ?

ഒരു ചെറു കാറ്റലയില്‍
ഉണരുകയോ ഹൃദയം ,
കൊടിയൊരു വേനലിതില്‍
ഇനിയുമിതെത്ര പകല്‍ ..?

കരുതലിനാത്മ സുഖം
കവരുകയായിരുന്നോ,
കനിവുകള്‍ വറ്റിയൊരീ
ചരിത പുരോഗതികള്‍ ..?

ഒരുകിളി വന്നിടുമോ
ഇനിയൊരു പാട്ടുമൂളാന്‍ ,
വരളുകയോ കരളിന്‍
കനവുകള്‍, നീര്‍സ്ഥലികള്‍ ..?

കളകളമാര്‍ ത്തുവരും
അരുവികള്‍ തന്‍പുളകം
തിരികിനിയെത്തിടുമോ
കുളിരമൃതോര്‍ മ്മയെന്നോ..?

തളിരിനിയെന്നുവരും
തണലിനിയെന്നുതരും
ഇല പൊഴിയും മരമേ
മരണമിങ്ങെത്തിയെന്നോ..?

ഒരുചുടുകാറ്റണയും
കഠിനവഴിക്കൊടുവില്‍
തളരുകയോ, ഇനിയും
ഒരു ചുവടില്ലയെന്നോ..?

Friday 4 October 2013

വേനൽമഴ

വെയില്‍ കനത്തേറെ പുകഞ്ഞ മണ്ണിലേ-
ക്കൊരു കുളിര്‍മ്മഴ തകര്‍ത്തുപെയ്യുമ്പോള്‍....
ദിഗന്തങ്ങള്‍ കൊടും നടുക്കത്തില്‍ മുക്കി
മുഴങ്ങുന്നുണ്ടതാ ഇടിമിന്നല്‍ ഘോഷം!

ഒരിറ്റു സാന്ത്വനം കൊതിച്ച പച്ചപ്പിന്‍
കരളുരുക്കങ്ങള്‍ തിരിച്ചറിഞ്ഞു നീ
കൊതികള്‍ കൊണ്ടു ഞാന്‍ കവര്‍ന്നതൊക്കെയും
തിരിച്ചെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും...!

പുതിയ നാമ്പുകള്‍ മുളക്കട്ടെ മണ്ണില്‍
പുതിയ ചിന്തകള്‍ ഉണരട്ടെ ഉള്ളില്‍
കരിഞ്ഞുണങ്ങുമീ ഉറവകള്‍ പൊട്ടി
തിമര്‍ത്തൊഴുകട്ടെ ഹരിത സ്വപ്നങ്ങള്‍....


ഓർമ്മക്കുളിരിൽ..









 

ഇതു പുലര്‍ക്കാലം , പെരുമഴപെയ്യും
കുളിര്‍ നിറയുന്നെന്‍ മനമാകെ....
കുരുവികള്‍ പാടും പാട്ടിലുണര്‍ന്നൂ
ഒരു ചെറുബാല്യം, എന്‍ കരളില്‍...
അമ്മയുണര്‍ത്തും നേരം പായില്‍
കുഞ്ഞു കുറുമ്പിന്‍ കളിവട്ടം...
തൊട്ടുവടക്കേ വീട്ടില്‍ പശുവിന്‍
പാലിനുപോകാന്‍ മടി വീണ്ടും!
ഒന്നു ചിണുങ്ങിക്കരയും,ഇന്നിനി
നേരം പോയീ , കുളി വേണ്ടാ...
അമ്മയലറും 'കുളിയെട ചെക്കാ'
'അമ്മയ്‌ക്കൊരുതരി സ്‌നേഹൂല്ലാ....
സ്‌കൂളില്‍ ഒന്നാം മണിയുണരുമ്പോള്‍
വായില്‍ പുട്ടും കടലയുമയ്
സ്ലേറ്റും പുസ്റ്റകസഞ്ചിയുമെവിടെ
ന്നാര്‍ത്തു പരക്കം പായുന്നൂ...
പിന്നൊരു പാച്ചില്‍, സ്‌കൂളില്‍ചെന്നാ
ഓട്ടം നിര്‍ത്തിയണക്കുമ്പോള്‍....
കൂട്ടരുകൂടീട്ടുണ്ടൊരു ചര്‍ച്ച
'മന്ത്രിയൊരെണ്ണം ചത്തെങ്കില്‍....'